അനുഭവ നിരപേക്ഷം, അനുഭവ സാപേക്ഷംഇന്ദ്രിയാനുഭവത്തിൽക്കൂടി ലഭിക്കാത്തതും മനുഷ്യമനസ്സിൽ സ്വയമേ ഉള്ളതുമായ അറിവ് അനുഭവനിരപേക്ഷ (a priori)വും[1] ഇന്ദ്രിയാനുഭവത്തിൽകൂടി ലഭിക്കുന്ന അറിവ് അനുഭവസാപേക്ഷ (a posteriori)വുമാണ്.[2] മനുഷ്യമനസ് ഇന്ദ്രിയങ്ങളിലൂടെ ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനു മുമ്പുതന്നെ സ്വയം തെളിവു നല്കുന്ന സത്യങ്ങൾ (self evident truths)[3] മനുഷ്യമനസ്സിൽ ഉണ്ടെന്ന് യുക്തിവാദികളും വിശ്വസിക്കുന്നു. ഈ സത്യങ്ങൾക്ക് അനുഭവങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തതുകൊണ്ടും സ്വയമേ അർഥവത്തായതു (self valid)[4] കൊണ്ടും അവയെ അനുഭവനിരപേക്ഷസത്യങ്ങൾ എന്നു പറയാം. അനുഭവനിരപേക്ഷരീതി (a priori method)[5] തത്ത്വശാസ്ത്രത്തിൽ ആദ്യമായി ഉപയോഗിച്ചത് ഗ്രീക്കുതത്ത്വചിന്തകനായ പാർമനൈഡ്സും (Parmenides) അദ്ദേഹത്തിന്റെ അനുയായിയായ സെനൊയും (Zeno) ആണ്. പ്രസിദ്ധ ഗ്രീക്കു ദാർശനികനായ പ്ലേറ്റോയുടെ തത്ത്വചിന്ത അനുഭവനിരപേക്ഷരീതിയിലൂടെ ആയിരുന്നു. അരിസ്റ്റോട്ടലും ഈ രീതി അംഗീകരിച്ചിരുന്നു. ആധുനിക തത്ത്വചിന്തയിൽ ദെക്കാർത്ത്, സ്പിനോസാ, ലൈബ്നിറ്റ്സ്, കാന്റ്, ഹെഗൽ, ബ്രാഡ്ലി തുടങ്ങിയവർ അനുഭവനിരപേക്ഷജ്ഞാനത്തെ അംഗീകരിച്ച് അവരുടെ തത്ത്വചിന്തകൾക്ക് രൂപം നല്കിയിട്ടുള്ളവരാണ്. അനുഭവവാദികൾഅനുഭവസാപേക്ഷജ്ഞാനത്തെ അംഗീകരിക്കുന്നവരെല്ലാം അനുഭവവാദികളാണ്. എല്ലാ അറിവിന്റെയും ഉറവിടം അനുഭവമാണ് എന്ന് അവർ വിശ്വസിക്കുന്നു. ആദർശങ്ങളെക്കാൾ പ്രാധാന്യം വസ്തുനിഷ്ഠമായ സത്യങ്ങൾക്കാണ്; സ്വയം അർഥവത്തായ സത്യങ്ങൾക്കല്ല. ബേക്കൺ, ലോക്ക്, ബെർക്കിലി, ഹ്യൂം, റീഡ് (Ried) തുടങ്ങിയവർ അനുഭവസാപേക്ഷജ്ഞാനത്തെ അംഗീകരിക്കുന്നവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവർ അനുഭവവാദത്തിനു രൂപംകൊടുത്തത്. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു ജ്ഞാനമീമാംസ രൂപവത്കരിക്കുവാൻ ശ്രമിച്ച ആധുനിക ദാർശനികനാണ് ഫ്രാൻസിസ് ബേക്കൺ. അനുഭവവാദത്തിലൂടെ ഇന്ദ്രിയാനുഭവത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ജ്ഞാനം സാധ്യമാകയുള്ളു എന്ന വിശ്വാസത്തിൽ തുടങ്ങി അവസാനം അങ്ങനെ കിട്ടുന്ന അറിവ് യഥാർഥ ജ്ഞാനമല്ലെന്നും യഥാർഥജ്ഞാനം അപ്രാപ്യമാണെന്നും ഉള്ള നിഗമനത്തിലാണ് ഹ്യൂം എത്തിച്ചേർന്നത്. മനുഷ്യന്റെ എല്ലാ അറിവും അനുഭവനിരപേക്ഷമാണെന്ന് ലൈബ്നിറ്റ്സും എല്ലാ അറിവും അനുഭവസാപേക്ഷമാണെന്ന് ലോക്കും പറയുമ്പോൾ ഇവ രണ്ടും രണ്ടുതരം അറിവല്ലെന്നും അറിവിന്റെ രണ്ട് അവിഭാജ്യഘടകങ്ങൾ മാത്രമാണെന്നും കാന്റ് വാദിക്കുന്നു. ഇവയിൽ ഏതെങ്കിലും ഒന്ന് നിഷേധിക്കുകയാണെങ്കിൽ ജ്ഞാനം സാധ്യമാവുകയില്ല. സംവേദനശക്തി (sensibility), ധാരണ (understanding), യുക്തി (reason) എന്നീ മൂന്നു മാനസികപ്രക്രിയകളിൽകൂടിയാണ് കാന്റിന്റെ സിദ്ധാന്തം അനുസരിച്ച് ജ്ഞാനസമ്പാദനം സാധ്യമാകുന്നത്. ധാരണാരൂപങ്ങൾ (categories of understanding) അനുഭവനിരപേക്ഷമാണ്. അവ മനുഷ്യമനസ്സിലെ ജന്മസിദ്ധമായ രൂപങ്ങളാണ്. ഇവ ഇന്ദ്രിയാനുഭവങ്ങളിൽ അധിഷ്ഠിതമല്ല. ഇന്ദ്രിയസിദ്ധമായ എല്ലാ അനുഭവങ്ങളും അറിവുകളായി തീരുന്നത് മനസ്സിലെ നിരപേക്ഷഘടക (forms and categories) ങ്ങളിൽ കൂടി കടന്നുപോയതിനു ശേഷമാണ്. അനുഭവത്തിൽനിന്ന് വിവിധ വസ്തുക്കൾ തമ്മിലുള്ള അനിവാര്യബന്ധത്തെ കണ്ടുപിടിക്കാൻ സാധ്യമല്ല. അതിന് യുക്തിയെ ആശ്രയിച്ചേ മതിയാകൂ. യുക്തിവാദത്തിന്റെയും ഇന്ദ്രിയാനുഭവവാദത്തിന്റെയും സമന്വയമാണ് കാന്റിന്റെ ദർശനം. അനുഭവ നിരപേക്ഷവും അനുഭവ സാപേക്ഷവും ജ്ഞാനത്തിന്റെ രണ്ട് അവിഭാജ്യഘടകങ്ങളാണെന്നാണ് നിഷ്പക്ഷമതികളുടെ അഭിപ്രായം. അവലംബംപുറംകണ്ണികൾ
Information related to അനുഭവ നിരപേക്ഷം, അനുഭവ സാപേക്ഷം |
Portal di Ensiklopedia Dunia